സ്നേഹം !

A poem on a person dear to me and not just me, published in a community magazine..

You can read the original post here 

Shivadam (2)

All Rights Reserved        © Forever Free 2014

Advertisements

വേനൽ കനവുകൾ

ബ്ലോഗിന് പുറത്തേക്ക് ഒരു കുഞ്ഞു കാൽവെപ്പ്‌…. വേനൽ കനവുകൾ shared by Nammude keralam .നമ്മുടെ കേരളം  🙂

All Rights Reserved        © Forever Free 2014

 

വേനൽ കനവുകൾ

 

വേനൽ …
യൂനിഫോർമിൽ നിന്നും ശ്വാസം മുട്ടിക്കുന്ന അച്ചടക്കത്തിൽ നിന്നും സ്വാതന്ത്ര്യത്തിൻറ്റെ അനന്ത വിഹായസ്സിലൂടെ മനം ഒരു പഞ്ചവർണ്ണക്കിളിയായ് ചിറകടിച്ചുയരും കാലം…. ആ മാനം നിറയെ സ്നേഹം ചാലിച്ച മുത്തശ്ശിക്കഥകളുടെ നനുത്ത വെൺമേഘങ്ങൾ… കൊന്നപൂക്കൾ പവനുരുക്കിയൊഴിച്ച മണ്ണിൽ വികൃതികൾ തകൃതിയാവും ദിനങ്ങൾ… ഘടികാരത്തിൻ കഠോര സ്വരം നിലച്ച് കുയിലിണകൾതൻ സ്നേഹസംഗീതത്തിലേക്ക് മിഴിതുറക്കും പുലരികൾ… അപ്പൂപ്പൻതാടികളോടു കൂട്ടുകൂടി വിശാലമായ തൊടിയാകെ പാറി പറക്കും പകലുകൾ …. മഞ്ചാടി കുരുക്കളുടെ ചെഞ്ചുവപ്പ് പടരും കൈക്കുമ്പിൾ…. കശുവണ്ടിപ്പരിപ്പ് കനലിൽ നീറുന്ന കൊതിയൂറും ഗന്ധം…  പതിവിനു വിപരീതമായി ഒരു പൊതി കമ്പിത്തിരിയും മത്താപ്പൂവുമായി ഇരുളിനായി അക്ഷമരായി കാത്തിരിക്കും സന്ധ്യകൾ … തോന്നുമ്പോൾ ഉണർന്ന് തോന്നിയാൽ ഉണ്ട് തോന്നുംപോൽ ആർമ്മാദിക്കും രാപ്പകലുകൾ …

കോഴിവാലൻ പുൽക്കൂട്ടങ്ങൾ തലയിളക്കി ചിരിക്കും പുഴയോരത്തുകൂടിയുള്ള യാത്ര …. പ്രൌഡിയും പ്രതാപവും ക്ഷണികം എന്നോർമ്മപ്പെടുത്തികൊണ്ട് ഇടവപ്പാതിയിലെ രൗദ്ര ഭാവം വെടിഞ്ഞ് ഒരു നേർത്ത നീർച്ചാലായി നിള.. അതിരുകളില്ലാത്ത പാടശേഖരം… വരമ്പത്തുകൂടെയാണ് നടപ്പ് … കുറുകെയുള്ള തോട്ടുവക്കിലെ ഞാവൽ മരത്തിനു ചോട്ടിൽ എത്തുമ്പോഴേക്കും പൂർവിക സ്മരണകൾ സട കുടഞ്ഞെഴുനേൽക്കും എന്നറിയാവുന്ന അമ്മയുടെ ഉപദേശം “പുതിയ ഉടുപ്പാണ് …. ഇനി അതിലൊന്നും വലിഞ്ഞു കേറി ചെളി ആക്കല്ലേ ! “. ഞാവലിനും എനിക്കും വല്ല്യ മാറ്റം ഒന്നും പ്രതീക്ഷിക്കാൻ ഇല്ലെന്നിരിക്കെ വർഷാ വർഷം പുത്തൻ ഉടുപ്പെന്ന ഇതേ സാഹസത്തിന് അമ്മ മുതിരുന്നത് എന്തിനെന്ന് മനസ്സിൽ പിറുപിറുത്തു കൊണ്ട് വീണു കിടക്കുന്ന ഒന്നുരണ്ടു ഞാവൽക്കനികൾ വായിലാക്കി പിന്നെയും മുൻപോട്ട് …

അങ്ങു ദൂരെ പടിപ്പുര വാതുക്കൽ നിന്ന് ഒന്ന് രണ്ടു സന്തോഷക്കുരയോട് കൂടി ടോമി എന്ന സ്വാഗത കമ്മിറ്റി ചെയർമാൻ വാലാട്ടി കൊണ്ട് പാഞ്ഞു വരുന്നുണ്ട്. പാടത്തും ചേറിലും പെരളാൻ കുറച്ചു നാളത്തേക്ക് ഒരാളായല്ലോ … അതിൻറ്റെ സന്തോഷം ! സ്വാഗത പ്രസംഗം നാലഞ്ചു കുരയിൽ ഒതുക്കി ഞങ്ങളെയും ആനയിച്ചു കൊണ്ടു ടോമി മുൻപിലും ഞങ്ങൾ പുറകിലുമായി കുലച്ചുനിൽക്കുന്ന ചെങ്കദളി തോപ്പ് കടന്ന് പടിപ്പുരയിലേക്ക്… മുന്നിൽ മുത്തശ്ശൻ നട്ടു പിടിപ്പിച്ച പൂന്തോപ്പ്… അതു നിറയെ പിങ്ക് മൊസാന്ദ പൂക്കൾ….

ചാണകം മെഴുകിയ മുറ്റമാകെ ഉതിർന്നുവീണ നെൽക്കതിർ മണികൾ… അതിൽ ചിലത് താങ്ങി പിടിച്ചു വീട്ടിലെത്തിക്കാൻ തിരക്ക് കൂട്ടുന്ന ചോണൻ ഉറുമ്പിൻ പട്ടാളം… മുന്നിട്ടുത്സാഹിച്ചു കൊണ്ട് തൊടിയാകെ പാറികളിക്കുന്ന അടയ്ക്കാപക്ഷികളും കരിയിലക്കുരുവികളും….. ഒരു കാൽ ചെറുതായൊന്നു കുടഞ്ഞ്, പേരക്കൊമ്പിൽ ഒന്നമർന്നിരുന്ന്, കുന്നിക്കുരു കണ്ണുരുട്ടി നിസ്സംഗ ഭാവത്തോടെ ഇതെല്ലാം വീക്ഷിക്കുന്ന ചെമ്പോത്ത്… മുറ്റത്തേക്കു ചാഞ്ഞു നില്ക്കുന്ന മൂവാണ്ടൻ മാവിൽ തന്നേക്കാൾ ഘനമുള്ള മാങ്ങാണ്ടിയും കൊണ്ട് തിരക്കഭിനയിക്കുന്ന അണ്ണാരക്കണ്ണൻ …

ഒറ്റയാൾ മാത്രം വീതിയുള്ള പൂമുഖ തിണ്ണയിൽ ഒരു നിമിഷം ഇരുന്ന് ചുറ്റും കണ്ണെറിഞ്ഞു… കൊയ്ത്തു കഴിഞ്ഞ പാടത്തെ പൊരി വെയിലിൽ പരവശനായി മേടകാറ്റ്, പടിഞ്ഞാറേ കുളത്തിൽ ഒന്ന് മുങ്ങിത്തോർത്തി എന്നെ പുണരുവാൻ അതാ ഓടി അണയുന്നു… ഇരുമ്പാമ്പുളി മരങ്ങൾക്കാണെന്ന് തോന്നുന്നു കുട്ടി പട്ടാളത്തെ ഏറെ ഇഷ്ടം… കണ്ടില്ലേ കുഞ്ഞി കൈകൾക്ക് എത്തിപ്പിടിക്കാൻ എളുപ്പമാകട്ടെ എന്നോണം അങ്ങിനെ വേരടക്കം കായ്ച്ചു നില്ക്കുന്നത്… വലിപ്പത്തിലല്ല, മറിച്ച് ഒരുമയിലാണ് കാര്യമെന്ന് പലരെയും പഠിപ്പിച്ചു കൊണ്ട് സപ്പോട്ട മരത്തിലെ പുളിയുറുമ്പിൻ പറ്റം… ജീവിതത്തിൽ മധുരമുള്ളതെന്തും എത്തിപ്പിടിക്കാൻ കുറച്ച് വിയർപ്പ് ഒഴുകണമെന്ന് ഓർമ്മപ്പെടുത്തി കൊണ്ട് അതാ മാനം മുട്ടെയുള്ള ആനപ്പന നിറയെ പനം തേങ്ങകൾ തൂങ്ങുന്നു… എല്ലായ്പോളും അല്ലെങ്കിലും, വല്ലപ്പോഴുമൊക്കെ അമ്മ പറയുന്നത് അനുസരിക്കുന്നത് നല്ലതാണെന്ന പാഠത്തിന്റെ സ്മാരകമായി വയ്ക്കോൽ കൂനകൾ വീണ്ടും ഉയര്ന്നിരിക്കുന്നു …

നേരത്തേ പറഞ്ഞ പടിഞ്ഞാറേ കുളം സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ മുത്തശ്ശൻ പണ്ട് പഞ്ചായത്തിന് തീർ എഴുതി കൊടുത്തതാണ്… അന്നതിന്റ്റെ ഭാഗമായി കുളത്തിന്റ്റെ ആഴം കൂട്ടിയപ്പോൾ കോരിയിട്ട മണ്ണ് ഒരു ചെറു കുന്നായി കാടും പടലും പിടിച്ച് കുളക്കരയിൽ തന്നെയുണ്ട്… ആ കുന്നിൻ മുകളിൽ സർവജ്ഞ പീഠം കയറാൻ തപസ്സിരിക്കൽ എൻറ്റെ ഒരു പതിവായിരുന്നു… ഊണു പോലും വിസമ്മതിച്ച് ജ്ഞാനോദയം ഇപ്പോൾ കിട്ടുമെന്ന് കരുതിയിരിക്കുമ്പോൾ ഇലകൾക്കിടയിൽ ചെറിയ ഒരിളക്കം… നാലഞ്ചടി നീളത്തിൽ സുന്ദരൻ ഒരു മഞ്ഞച്ചേര… ഗോട്ടി കണ്ണുകൾ ഉരുട്ടി, ഫോർക്ക് പോലുള്ള നാക്കുനീട്ടി ചേരമാൻ പെരുമാൾ തനിക്കാദ്യം ജ്ഞാനോദയം ലഭിക്കുന്നതിന്റ്റെ ആവശ്യകത എന്നെ പൂർണമായി ഭോധ്യപ്പെടുത്തി… അന്ന് ചേര പുങ്കുവന് സ്ഥലം ഒഴിഞ്ഞ് കൊടുക്കേണ്ടി വന്നത് കൊണ്ടു മാത്രമല്ലേ എനിക്കിന്നുവരെ ‘ജ്ഞാനോദയം’ കിട്ടാതിരുന്നത് എന്ന് ഞാൻ ബലമായി സംശയിക്കുന്നു… 😛

വെയിൽ കളം വരക്കും നടപ്പുര കടന്നു വേണം നടുമുറ്റ കോലായിൽ എത്താൻ … ജീനുകൾ നുണ പറയാറില്ലെന്ന സത്യത്തിന് ഒരു ചൂണ്ടു പലക എന്നോണം ഉത്തരത്തിലെ ഏറ്റവും ഉയർന്ന കഴുക്കോലിൽ എൻറ്റെ അമ്മയുടെ വീര സാഹസിക ബാല്യം സ്വന്തം പേര് കോറിയിട്ടിരിക്കുന്നു…
ടിപ്പുവിന്റ്റെ പടയോട്ടക്കാലത്ത് വാളാൽ വെട്ടേറ്റു മുഖവും വയറും മുറിഞ്ഞു പോയ ദ്വാരപാലകർ കാവൽ നിൽക്കും കുടുംബ ക്ഷേത്രത്തിലെ നേദ്യച്ചോറും നെയ്യ് പായസവും ഉണ്ട് മദോന്മത്തരായി വീട്ടിലെ കുട്ടിപട്ടാളം ഉച്ചക്ക് ഇരുന്നു കിറുങ്ങുന്നത് ഇവിടെയാണ്… ഈ കോലായിൽ അമ്മയും ചിറ്റമാരും കൂടി എത്രയെത്ര ചക്കക്കുട്ടന്മാരെയാണ് നിർദാക്ഷിണ്യം തുണ്ടം തുണ്ടമായി വെട്ടി മുറിച്ചിരിക്കുന്നത് … അതിൽ ചിലതിനെ ഇഞ്ചിഞ്ചായി അരിഞ്ഞ് വറുത്തു കൊരുന്നതും പതിവായിരുന്നു …

മൂന്നു മണി കഴിഞ്ഞാൽ പിന്നെ അമ്മമ്മയോടൊത്ത് തൊഴുത്തിലേക്ക് … കുട്ടികൾക്ക് പ്രവേശനമില്ലെന്ന് തൻറ്റെ കൂർത്ത കൊമ്പുള്ള തല ഇടത്തേക്ക് ചെറുതായൊന്നു വീശി നന്ദിനി കല്പ്പിച്ചു.. കുട്ടികൾ കൂട്ടമായി ഇളം പുല്ലു ചവച്ചു രസിച്ചു നില്ക്കുന്ന ലക്ഷ്മികുട്ടിയുടെ അടുത്തേക്ക് …. തനിക്കവകാശപ്പെട്ട പാൽ കുറച്ചു നാളത്തേയ്ക്ക് മാത്രമെങ്കിലും, മോന്തി കുടിക്കുന്നവരാണെന്ന ഒരു മുഷിപ്പും കൂടാതെ അവൾ കുട്ടിപട്ടാളത്തോടൊത്ത് ഓടിത്തിമർക്കും… വൈകുന്നേരം ആയാൽ പത്തായക്കെട്ടിലെ ഇരുളിൽ മറഞ്ഞ് ഒരിന്ദ്രജാലക്കാരിയെപ്പോൽ കൈയിൽ അരിക്കൊണ്ടാട്ടവും മാങ്ങാത്തെരയും ചക്കവരട്ടിയുമായി പ്രത്യക്ഷപ്പെടുന്ന അമ്മമ്മ… ഏറെ ബുദ്ധിമുട്ടി സ്വയം തയ്യാറാക്കിയ കടുമാങ്ങ നിറച്ച ഹോർലിക്സ് കുപ്പികൾ, തിരിച്ചു പോകാൻ നേരം ബാഗിൽ തിരുകിയായിരുന്നു അമ്മമ്മ സ്നേഹം പങ്കിട്ടു നൽകിയിരുന്നത്…

ഇതിൽ പലതും പലരും കാലയവനികക്കുള്ളിൽ മറഞ്ഞു…

എന്നാൽ കാലത്തിനും അതീതമായി ചിലതുണ്ട് … അതിൻറ്റെ തെളിവാണല്ലോ നീലസാഗരങ്ങൾക്കകലെ ആണെങ്കിലും, ഓരോ വേനലിലും നാം ഇന്നും വാടാതെ സൂക്ഷിക്കുന്ന മധുരമൂറും ഓർമ്മകളുടെ ഒരു പിടി കൊന്നപ്പൂക്കൾ …. ♥   ❤  ♥

 

All Rights Reserved        © Forever Free 2014

മർത്ത്യജന്മം

ഒരു നീർകുമിള പോൽ വർണാഭം എങ്കിലും
ദുർബ്ബലം ക്ഷണഭംഗുരം
ഇതു മർത്ത്യജന്മം

മരണമേ നീയോ ഏക നിത്യ സത്യം !

All Rights Reserved        © Forever Free 2014

 

ഒരു ഇറ്റാലിയൻ സാലേ കഥ

റോമിനും നേപിള്സിനും ഇടയ്ക്കുളള സോറ എന്ന കൊച്ചു നഗരം. സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു. പഴയ 15th സെഞ്ച്വറി കോട്ടയിലേക്കുള്ള കുത്തനെയുള്ള ട്രെക്കും അവിടെനിന്നുള്ള മനോഹരമായ വ്യൂവും ഒക്കെ കണ്ടു ഭൂലോകത്തേക്ക് തിരിച്ചിറങ്ങിയിട്ടെ ഉള്ളൂ. നന്നായി വിശക്കുന്നുണ്ട്.

പ്രദർശിപ്പിച്ചതിൽ സാമാന്യം നല്ല ബോർഡ് നോക്കി അടുത്തുള്ള റസ്റ്റൗറന്റ്റ്-ലേക്ക് കേറി. മദാമ്മ പാൽപുഞ്ചിരിയോടെ വരവേറ്റു. ശ്ശ്യോ ! എന്തു നല്ല മദാമ്മ അല്ലെ ? നല്ല അന്തരീക്ഷം.. . നല്ല മെനു കാർഡ്…. കൊള്ളാം….

മെനു കയ്യിലെടുത്തു നോക്കി… പേജ് 1….. നിരനിരയായി പല തരം ഐറ്റംസ്. വൃത്തിയായി എഴുതീട്ടുണ്ട്. പക്ഷെ ഒന്നും മനസ്സിലാവുന്നില്ല. എല്ലാം ഇറ്റാലിയനിൽ മാത്രം ! പേജ് 2… തദ്ധയ്വ്വ ! ഓ, പേടിക്കാനെതിരിക്കുന്നു ? ബ്രിട്ടീഷ് ഇംഗ്ലീഷ് അല്ലെ കൈയിൽ ഇരിക്കുന്നത് ? പോരാത്തതിന് പൊടിക്ക് ജർമനും.. ഒട്ടും കൂസാതെ മദാമ്മയോടു പേശി .. “ 1 പ്ലേറ്റ് സേലെഡ് പ്ലീസ്….” . മദാമ്മയുടെ ചാര കണ്ണുകൾ ഇത്തിരി കൂടി വിടർന്നുവോ ? എയ്യ് … തോന്നീതാവും .. ഒരു പ്രാവശ്യം കൂടി ഉറച്ചു പാടി .. “ 1 പ്ലേറ്റ് സേലെഡ് പ്ലീസ്….” . മദാമ്മയുടെ കണ്ണുകളുടെ ഡയാമീറ്റർ ദേ പിന്നേം കൂടുന്നു !

ഓ പാവം ! മദാമ്മക്ക് ആംഗലേയം തൊട്ടു തീണ്ടീട്ടില്ലെന്നു തോന്നുന്നു ! അത് തന്നെ കാരണം …ശരി …. എന്നാൽ പിന്നെ ജെർമ്മനിൽ ആവാം ….. “ഐൻ സലാറ്റ് ബിറ്റെ ” …. മദാമ്മയുടെ മുഖത്ത് അത്ഭുതതിന്റ്റെ അതി പ്രസരണം …. ഓ നമ്മൾ ഇത്ര ഹെൽത്ത് കോൺഷിയസ്സ് ആണല്ലോ എന്ന് കരുതീട്ടാവും ……. പാവം … ഒരു പുഞ്ചിരി ഒക്കെ ഞാനും അങ്ങോട്ട് പാസ്സ് ആക്കി …… സേലെഡ് ഇപ്പൊ കൊണ്ടുവരുമായിരിക്കും …

മദാമ്മക്ക് സംശയം തീരുന്നില്ല …. “1 പ്ലേറ്റ് സാലെ ? ”
ഇതെന്തൊരു നാട് ? സാലെ എങ്കിൽ സാലെ …. “യെസ് യെസ്” ….. “1 പ്ലേറ്റ് “……”1 ബിഗ് പ്ലേറ്റ്” …… മദാമ്മയുടെ കണ്ണുകൾ ഇപ്പോൾ ഏകദേശം ചുട്ട പപ്പടം കണക്കുണ്ട് …

മദാമ്മ അടുത്തിരിക്കുന്ന മെനുവിലെ പുറം ചട്ടയിൽ എന്തോ തിരയുന്നു …. ഉരുണ്ടു ചുവന്ന തക്കാളിയുടെ പടമാണ് പുറം ചട്ട.. അത് ചൂണ്ടി കാണിച്ച് എന്തോ ആങ്ങ്യം കാണിക്കുന്നുണ്ട് …. പാവം … ബാക്കി വെജിറ്റബിള്സിന്റ്റെ കൂടെ തക്കാളി ഇടണോ എന്ന് ചോദിക്ക്യായിരിക്കും ….

സംശയിക്കാതെ പറഞ്ഞു …. “യെസ് … യെസ്….. ”
“ja ….. ja …. “ (ജർമൻ ഒട്ടും കുറക്കരുതല്ലോ)

എന്നിട്ടും മദാമ്മ ദേ ഇഞ്ചി കടിച്ച പോലെ നില്ക്കുന്നു . .. ദാണ്ടേ …അപ്പുറത്തിരുന്ന എണ്ണക്കുപ്പി എടുത്തോണ്ട് വരുന്നു ….. പിന്നെയും ആങ്ങ്യം …… “യെസ് യെസ് … ” എന്തു വേണേലും ഒഴിച്ചോ …. വേഗം ഒന്ന് കൊണ്ടുവന്നാ മതി. മനുഷ്യൻ വിശന്നു ചാവാറായി … എന്ന് പറയണം എന്നുണ്ടായിരുന്നു ..പറഞ്ഞാലും മനസ്സിലാവില്ല്യ എന്നതു കൊണ്ട് മിണ്ടാതിരുന്നു …

വിഷണ്ണയായി മദാമ്മ അടുക്കളയിലേക്ക് …. പത്തു മിനിറ്റ് കഴിഞ്ഞ് ഫൈനലി സാധനം എത്തി ….. ഒരു വലിയ പ്ലേറ്റ് …..അത് കറക്റ്റ് ആയി മദാമ്മ മനസ്സിലാക്കി . കുറെ തക്കാളി നല്ല ഭംഗിയിൽ അരിഞ്ഞു വച്ചിട്ടുണ്ട് …. അതും ഓക്കേ …. കുറെ എണ്ണ അതിന്റെ മുകളിൽ കോരി ഒഴിചിട്ടുമുണ്ട് ….. എത്ര കറക്റ്റ് ആയി ഇൻസ്ട്രകഷൻസ് ഫോളോ ചെയ്തിരിക്കുന്നു ……അപാരം തന്നെ ….. പിന്നേം സൂക്ഷിച്ചു നോക്കി ….വേറെ വെജിറ്റബിള്സ് ഒന്നും കാണാനില്ല … ഒന്നൂടി നോക്കി … ഇല്ല ….
പകരം ഒരു കോണിൽ അതാ കൂമ്പാരം പോലെ കുറെ ഉപ്പ് !!

ഇറ്റാലിയനിൽ സാലേ (sale) എന്ന് വച്ചാൽ ഉപ്പ് ആണെന്ന ആജന്മ പാഠം അന്ന് പഠിക്കാൻ ഭാഗ്യം സിദ്ധിച്ചു !! (salad നു insalata എന്ന് വേണമത്രേ പറയാൻ ! )
ജീവിതത്തിൽ ആദ്യമായി ഇംഗ്ലീഷും മുറി ജർമൻനും ഒക്കെ സംസാരിക്കുന്ന നാല് ഉപ്പു തീനികളെ കണ്ടു മദാമ്മയും സായൂജ്യ മടഞ്ഞു കാണും …. കാണണം … അല്ലെ ?

All Rights Reserved        © Forever Free 2014

പ്രണയം

സുഖദുഃഖങ്ങൾ മഴവില്ലു വീശും
ജീവിത പാതയിൽ സഹയാത്രികർ നാം
ഋതു ഭേദങ്ങളിലൂടെ പ്രശാന്തമീ പ്രയാണം
അതിനിന്ന് പന്തീരാണ്ടു കല്പം

അണയാതെ കാക്കുന്നതെങ്ങിനെ നീയെൻ
മിഴികളിൽ തിരിയിട്ട സ്വപ്നം
അറിയുന്നതെങ്ങിനെ നീയെൻ
മൌനത്തിൽ വിതുമ്പും ഗദ്ഗദം

കലി എന്നിൽ കോമരം തുള്ളവേ
എരിയാതണയ്ക്കുന്നതെങ്ങിനെ നീയെൻ
നാസാഗ്രേ വിറയ്ക്കുന്ന കോപം

പാഴ്ചിന്തകൾ മനതാരിൽ വലകൾ നെയ്യവേ
നിറതിങ്കൾ പോൽ തെളിയുന്നു നിൻ സ്നേഹം
മനസ്സുകൾ തമ്മിൽ സംവദിച്ചീടുകിൽ
വാക്കുകൾ തൻ അകലമോ വ്യർത്ഥം !

അറിയുന്നു ഞാൻ, എൻ ഹൃത്തിൽ തുളുമ്പും പ്രണയം
നിൻ കൈക്കുമ്പിളിൽ ഭദ്രം അന്നുമിന്നും
പ്രാണപ്രിയ, നീയെനിക്കെന്നുമെൻ ആത്മമിത്രം !

സ്നേഹം ഊട്ടി വളർത്തിയോരുണ്ണിത്തയ്യ്
ഇന്നേകുന്ന ശീതളച്ഛായ എനിക്ക് സമ്മാനിച്ച ജനനിക്ക്
അശ്രു പുഷ്പങ്ങളാൽ കോടി പ്രണാമം !

All Rights Reserved        © Forever Free 2014

ധനം !

കാലമെൻ ഇരു ചെവികളിൽ തിരുകീ ബ്ലൂടൂത്ത്
കൈകൾ ടാബ്ലെറ്റിൻ താലമേന്തി
ഹാ ! കണ്‍കളുടക്കുന്ന സ്ക്രീനുകൾ ചുറ്റിലും
കാലനടക്കുവാൻ ഇനി ദ്വയ ദ്വാരങ്ങൾ ബാക്കി !

പിരിയുവാൻ മടിച്ചെൻ മനം
ഒരു ചെറു ശലഭമായ് തത്തിപ്പറക്കുന്നു
തുമ്പയും മുക്കുറ്റിയും മഞ്ഞമന്ദാരങ്ങളും
പൂത്തുവിടർന്നൊരാ ചെറു തൊടികളിൽ

തരിക്കുന്നു കാൽവിരലുകൾ നിളതൻ മണ്‍തരികളെ പുണരുവാൻ
കുങ്കുമം ചാലിച്ച സന്ധ്യകളിൽ
ആ കുളിരലകൾതൻ താളത്തിൽ അലിഞ്ഞു ചേരാൻ

അനന്തമാം ആ വയൽ പരപ്പിലൂടോടി തിമർക്കുവാൻ
സ്വർണ്ണക്കതിർമണി ചെറുകൊക്കിലൊതുക്കി പറന്നു പോം
ആ ഇണക്കിളികളോടൊത്തൊന്നു പാറി പറക്കുവാൻ

കുഞ്ഞിക്കുടമണി കിലുകിലെ കിലുക്കി
തുള്ളിത്തുടിച്ചു കുതിച്ചു പായും
പാൽമണം ചോരുമാ അരുമക്കിടാവിനെ മാറോടണയ്ക്കുവാൻ

കേരവൃക്ഷങ്ങൾ വ്യാളീ നിഴലുകൾ പോൽ പതിക്കും
ആ ചെറു കുളങ്ങളിൽ നീന്തി തുടിക്കുവാൻ
കണങ്കാൽ മുങ്ങി നിന്നാ തോട്ടുവെള്ളത്തിൽ
ഒളിച്ചു കളിക്കും പരൽ മീൻ കുഞ്ഞുങ്ങളോട് കിന്നാരം ചൊല്ലുവാൻ

ആ പുളി മരത്തിൻ ശീതളഛായയിൽ
ഒരു ദിവാസ്വപ്നമായ് ഉതിർന്നു വീഴാൻ
വെറുതെയാ വടക്കോറ തിണ്ണയിലിരുന്ന്
എത്താമാങ്കൊമ്പിലെ അണ്ണാറക്കണ്ണനെ കൊഞ്ഞനം കുത്തുവാൻ

ഗോപുര മുകളിൽ കുറുകുന്നൊരാ
വെള്ളരിപ്പ്രാക്കളെ ഒരു നോക്ക് കാണുവാൻ
ആ പൊന്നുരുളി നിറയും
കുന്നിക്കുരുക്കൾ ആവോളം വാരുവാൻ

പുസ്തകത്താളുകൾക്കന്നു മയിൽപ്പീലിച്ചന്തം
മേശവലിപ്പിൽ തൊട്ടാവാടി പൂക്കളേറെ
മുത്തുകൾ പളുങ്ക് ഗോലികൾ എത്രയെത്ര !
കുഞ്ഞു കൈവെള്ളയിൽ വളപ്പൊട്ടിൻ വർണ്ണകാന്തി
ഓർപ്പൂ ഞാൻ അന്നേറെ ധനികയത്രെ !

തഴുതിട്ടടച്ച മന:വാതിൽ തുറന്നുതിർന്നിടുന്നീ വാക്കുകൾ
ആ ചങ്ങാതിക്കൂട്ടങ്ങൾ വരുക്കുന്നിതാ
മഴവില്ലഴകിൽ ഓർമ്മ ചിത്രങ്ങൾ

മഴനീർത്തുളികൾതൻ നനുത്ത കമ്പള മറനീക്കി
തെളിയുന്നിതകക്കാമ്പിൽ,
കണിക്കൊന്നതൻ കിങ്ങിണിച്ചന്തത്തിലാറാടും
മരതക കാന്തിയേറും എൻ പ്രിയ നാട് !

അന്തരംഗം തുടികൊട്ടിയുണരുന്നു
ഈ അനസ്യൂത സ്മൃതികൾതൻ ധനം,
എന്നും, എനിക്കു സ്വന്തം !

All Rights Reserved        © Forever Free 2014

സ്നേഹം !

ഓർമ്മതൻ ജാലക വാതിൽ പതിയെ തുറന്നു ഞാൻ
ഒരു മാത്ര മിഴി കൂമ്പി നിൽക്കേ
അലതല്ലിയാ തിരയിരമ്പലിൽ ചിതറി
സ്നേഹത്തിൻ ചിപ്പികൾ പലത്

തെളിഞ്ഞു കത്തുന്നൂ ബാല്യത്തിൻ സ്മരണകൾ
അതിലുണ്ട് കരുണതൻ മുഖങ്ങൾ ഏറേ
മായാതെ നിൽക്കുന്നു അന്നുമിന്നും
നിസ്തുല സ്നേഹത്തിൻ ഏക ചാരു രൂപം

ധവളമാം മുടിയിഴകൾ കോതിമിനുക്കി ഞാൻ
ചെമ്പരത്തിപ്പൂ ചൂടിക്കവേ
കുഞ്ഞുമനസ്സിൽ കളങ്കമില്ലെന്നോതി
എന്നും മാറോടു ചേർത്തൊരാ സ്നേഹം

കുറുമ്പുകൾ രാപ്പകൽ അനവധി കാട്ടി
എന്നമ്മ ക്ഷമതൻ നെല്ലിപ്പടികൾ കാണ്‍കെ 
നൽകിയ ദണ്ഡന വിധികളെല്ലാം
ഏറ്റുവാങ്ങീ ഞാൻ ലവലേശം കൂസലന്യേ
കണ്ടു ഞാനന്നേരം ആ കണ്‍കളിൽ നിറയുന്നു
ഹൃദയം നുറുങ്ങും ശോകം!

സന്ധ്യകൾ നിലവിളക്കിൻ പൊൻപ്രഭയിൽ ആറാടവേ
സാകൂതുകം ആ മുഖ തേജസ്സു ഞാൻ നോക്കി നിന്നൂ
പുരാണ ചിത്രങ്ങളാൽ വർണിതമായൊരാ ചുവരുകളിൽ
അന്നേരം ജീവൻ സ്ഫുരിച്ചിരുന്നോ?

പേമാരി ചരലെറിഞ്ഞൊരാ രാവുകളിൽ
സ്നേഹം ചാലിച്ച കഥകൾ തൻ തേരേറി
അമ്പാടി ഉജ്ജൈനി ലുമ്പിനിയും കടന്നു
സ്വർഗ്ഗങ്ങൾ പലതും ഞാൻ താണ്ടീ !

ഒടുവിലാ ചിതയാളവേ മനം കലങ്ങിച്ചുവന്നു പടിയിറങ്ങീ ഞാൻ
എരിഞ്ഞടങ്ങീയതിൽ എന്നിലെ ബാല്യവും
നിസ്സംശയം, ഇനിയില്ലൊരിക്കലും
ആ നല്ല കാലത്തേക്കൊരു തിരിച്ചുപോക്ക്

ജീവിത രണാങ്കണങ്ങളിൽ അടരാടി
കലുഷിതമാം മനം കണ്ണുനീരായ് പെയ്തിറങ്ങീടവേ
കാലം വരകൾ കോറിയ വിരലുകൾ എൻ നിറുകയിൽ
മൂര്ദ്ധാവിൽ ഒരു മൃദു ചുംബനം !

കേൾപ്പു ഞാൻ ആർദ്രമാം ആ സ്വരം വീണ്ടും
മനം നിറയുന്നു,
അറിയുന്നു ഞാൻ
ആ നിസ്സീമസ്നേഹം അമരമെന്ന് !

All Rights Reserved        © Forever Free 2014

തപസ്യ

 

കൊടിയിറങ്ങിയ ഉത്സവപ്പറമ്പുപോൽ, 
വേഷമൊഴിഞ്ഞൊരാട്ടക്കാരനെ പോൽ, 
പടുതിരിയാളും കുത്ത് വിളക്ക് പോൽ, 
കാവടിയാടിയ വൃക്ഷ ഗോപുരങ്ങൾ അരങ്ങൊഴിഞ്ഞു !

ഇനി ദീര്‍ഘനിദ്ര !
നവകുസുമുങ്ങളാൽ പൂത്തുലഞ്ഞീടാൻ,
കഠിനതപസ്യകൾ അനിവാര്യം
അഗ്നിപരീക്ഷകൾ സുനിശ്ചിതം, 
മരമാകിലും, അതു മനുഷ്യനാകിലും !

All Rights Reserved        © Forever Free 2014

കേരളപ്പിറവി ദിന ആശംസകൾ !

ഇടവപ്പാതിയും തുലാവർഷവും തിമർത്താടിയ നടുമുറ്റങ്ങളും
കൊതിതീരെ നടന്നു തീർത്തൊരാ പച്ച വിരിച്ച പാട വരമ്പുകളും
നിഴൽവിരിച്ചൊരാ പുളിമരച്ചോടുകളും
ഊയലാടിയ കിളിച്ചുണ്ടൻമാവിൻ ഉയരങ്ങളും

കൂപ്പുകുത്തി ഉപ്പുമാങ്ങ, ഭരണിയിൽ എന്നപോൽ
കുതിർന്നുകിടന്നൊരാ
നീർക്കോലിയും തവള കുട്ടന്മാരും ഊളിയിടും,
പളുങ്ക് തോൽക്കും അമ്പലക്കുളങ്ങളും

ഈറനായി മൂർത്തീദർശനത്തിന് മുൻപേ നടന്നോരെന്നമ്മതൻ
മുടിചാർത്തിൽ നിന്നുമുതിർന്നൊരാ നീർകണങ്ങളും
ഇരുൾ ഖനീഭവിച്ചൊരാ മച്ചിലെ വാതിൽക്കുൽ ത്രിസന്ധ്യക്ക്
വിറ പൂണ്ടൊരാ നെയ്യ് വിളക്കിൻ ഒറ്റത്തിരിനാളവും

ഞാവലും, പേരയും, ചാമ്പയും , മൂവാണ്ടനും കൂടെയാ
പുളിയുറുമ്പിൻ നീരസവും ആവോളം നുകർന്നോരെൻ ബാല്യവും
ലോകത്തെവിടെയെന്നാകിലും ആർദ്രമാം ഓർമ്മതൻ
വേരുകൾ സമ്മാനിച്ചോരെൻ കേരളമേ

നിനക്കൊരായിരം ജന്മദിനാശംസകൾ !

All Rights Reserved        © Forever Free 2014