വേനൽ …
യൂനിഫോർമിൽ നിന്നും ശ്വാസം മുട്ടിക്കുന്ന അച്ചടക്കത്തിൽ നിന്നും സ്വാതന്ത്ര്യത്തിൻറ്റെ അനന്ത വിഹായസ്സിലൂടെ മനം ഒരു പഞ്ചവർണ്ണക്കിളിയായ് ചിറകടിച്ചുയരും കാലം…. ആ മാനം നിറയെ സ്നേഹം ചാലിച്ച മുത്തശ്ശിക്കഥകളുടെ നനുത്ത വെൺമേഘങ്ങൾ… കൊന്നപൂക്കൾ പവനുരുക്കിയൊഴിച്ച മണ്ണിൽ വികൃതികൾ തകൃതിയാവും ദിനങ്ങൾ… ഘടികാരത്തിൻ കഠോര സ്വരം നിലച്ച് കുയിലിണകൾതൻ സ്നേഹസംഗീതത്തിലേക്ക് മിഴിതുറക്കും പുലരികൾ… അപ്പൂപ്പൻതാടികളോടു കൂട്ടുകൂടി വിശാലമായ തൊടിയാകെ പാറി പറക്കും പകലുകൾ …. മഞ്ചാടി കുരുക്കളുടെ ചെഞ്ചുവപ്പ് പടരും കൈക്കുമ്പിൾ…. കശുവണ്ടിപ്പരിപ്പ് കനലിൽ നീറുന്ന കൊതിയൂറും ഗന്ധം…  പതിവിനു വിപരീതമായി ഒരു പൊതി കമ്പിത്തിരിയും മത്താപ്പൂവുമായി ഇരുളിനായി അക്ഷമരായി കാത്തിരിക്കും സന്ധ്യകൾ … തോന്നുമ്പോൾ ഉണർന്ന് തോന്നിയാൽ ഉണ്ട് തോന്നുംപോൽ ആർമ്മാദിക്കും രാപ്പകലുകൾ …

കോഴിവാലൻ പുൽക്കൂട്ടങ്ങൾ തലയിളക്കി ചിരിക്കും പുഴയോരത്തുകൂടിയുള്ള യാത്ര …. പ്രൌഡിയും പ്രതാപവും ക്ഷണികം എന്നോർമ്മപ്പെടുത്തികൊണ്ട് ഇടവപ്പാതിയിലെ രൗദ്ര ഭാവം വെടിഞ്ഞ് ഒരു നേർത്ത നീർച്ചാലായി നിള.. അതിരുകളില്ലാത്ത പാടശേഖരം… വരമ്പത്തുകൂടെയാണ് നടപ്പ് … കുറുകെയുള്ള തോട്ടുവക്കിലെ ഞാവൽ മരത്തിനു ചോട്ടിൽ എത്തുമ്പോഴേക്കും പൂർവിക സ്മരണകൾ സട കുടഞ്ഞെഴുനേൽക്കും എന്നറിയാവുന്ന അമ്മയുടെ ഉപദേശം “പുതിയ ഉടുപ്പാണ് …. ഇനി അതിലൊന്നും വലിഞ്ഞു കേറി ചെളി ആക്കല്ലേ ! “. ഞാവലിനും എനിക്കും വല്ല്യ മാറ്റം ഒന്നും പ്രതീക്ഷിക്കാൻ ഇല്ലെന്നിരിക്കെ വർഷാ വർഷം പുത്തൻ ഉടുപ്പെന്ന ഇതേ സാഹസത്തിന് അമ്മ മുതിരുന്നത് എന്തിനെന്ന് മനസ്സിൽ പിറുപിറുത്തു കൊണ്ട് വീണു കിടക്കുന്ന ഒന്നുരണ്ടു ഞാവൽക്കനികൾ വായിലാക്കി പിന്നെയും മുൻപോട്ട് …

അങ്ങു ദൂരെ പടിപ്പുര വാതുക്കൽ നിന്ന് ഒന്ന് രണ്ടു സന്തോഷക്കുരയോട് കൂടി ടോമി എന്ന സ്വാഗത കമ്മിറ്റി ചെയർമാൻ വാലാട്ടി കൊണ്ട് പാഞ്ഞു വരുന്നുണ്ട്. പാടത്തും ചേറിലും പെരളാൻ കുറച്ചു നാളത്തേക്ക് ഒരാളായല്ലോ … അതിൻറ്റെ സന്തോഷം ! സ്വാഗത പ്രസംഗം നാലഞ്ചു കുരയിൽ ഒതുക്കി ഞങ്ങളെയും ആനയിച്ചു കൊണ്ടു ടോമി മുൻപിലും ഞങ്ങൾ പുറകിലുമായി കുലച്ചുനിൽക്കുന്ന ചെങ്കദളി തോപ്പ് കടന്ന് പടിപ്പുരയിലേക്ക്… മുന്നിൽ മുത്തശ്ശൻ നട്ടു പിടിപ്പിച്ച പൂന്തോപ്പ്… അതു നിറയെ പിങ്ക് മൊസാന്ദ പൂക്കൾ….

ചാണകം മെഴുകിയ മുറ്റമാകെ ഉതിർന്നുവീണ നെൽക്കതിർ മണികൾ… അതിൽ ചിലത് താങ്ങി പിടിച്ചു വീട്ടിലെത്തിക്കാൻ തിരക്ക് കൂട്ടുന്ന ചോണൻ ഉറുമ്പിൻ പട്ടാളം… മുന്നിട്ടുത്സാഹിച്ചു കൊണ്ട് തൊടിയാകെ പാറികളിക്കുന്ന അടയ്ക്കാപക്ഷികളും കരിയിലക്കുരുവികളും….. ഒരു കാൽ ചെറുതായൊന്നു കുടഞ്ഞ്, പേരക്കൊമ്പിൽ ഒന്നമർന്നിരുന്ന്, കുന്നിക്കുരു കണ്ണുരുട്ടി നിസ്സംഗ ഭാവത്തോടെ ഇതെല്ലാം വീക്ഷിക്കുന്ന ചെമ്പോത്ത്… മുറ്റത്തേക്കു ചാഞ്ഞു നില്ക്കുന്ന മൂവാണ്ടൻ മാവിൽ തന്നേക്കാൾ ഘനമുള്ള മാങ്ങാണ്ടിയും കൊണ്ട് തിരക്കഭിനയിക്കുന്ന അണ്ണാരക്കണ്ണൻ …

ഒറ്റയാൾ മാത്രം വീതിയുള്ള പൂമുഖ തിണ്ണയിൽ ഒരു നിമിഷം ഇരുന്ന് ചുറ്റും കണ്ണെറിഞ്ഞു… കൊയ്ത്തു കഴിഞ്ഞ പാടത്തെ പൊരി വെയിലിൽ പരവശനായി മേടകാറ്റ്, പടിഞ്ഞാറേ കുളത്തിൽ ഒന്ന് മുങ്ങിത്തോർത്തി എന്നെ പുണരുവാൻ അതാ ഓടി അണയുന്നു… ഇരുമ്പാമ്പുളി മരങ്ങൾക്കാണെന്ന് തോന്നുന്നു കുട്ടി പട്ടാളത്തെ ഏറെ ഇഷ്ടം… കണ്ടില്ലേ കുഞ്ഞി കൈകൾക്ക് എത്തിപ്പിടിക്കാൻ എളുപ്പമാകട്ടെ എന്നോണം അങ്ങിനെ വേരടക്കം കായ്ച്ചു നില്ക്കുന്നത്… വലിപ്പത്തിലല്ല, മറിച്ച് ഒരുമയിലാണ് കാര്യമെന്ന് പലരെയും പഠിപ്പിച്ചു കൊണ്ട് സപ്പോട്ട മരത്തിലെ പുളിയുറുമ്പിൻ പറ്റം… ജീവിതത്തിൽ മധുരമുള്ളതെന്തും എത്തിപ്പിടിക്കാൻ കുറച്ച് വിയർപ്പ് ഒഴുകണമെന്ന് ഓർമ്മപ്പെടുത്തി കൊണ്ട് അതാ മാനം മുട്ടെയുള്ള ആനപ്പന നിറയെ പനം തേങ്ങകൾ തൂങ്ങുന്നു… എല്ലായ്പോളും അല്ലെങ്കിലും, വല്ലപ്പോഴുമൊക്കെ അമ്മ പറയുന്നത് അനുസരിക്കുന്നത് നല്ലതാണെന്ന പാഠത്തിന്റെ സ്മാരകമായി വയ്ക്കോൽ കൂനകൾ വീണ്ടും ഉയര്ന്നിരിക്കുന്നു …

നേരത്തേ പറഞ്ഞ പടിഞ്ഞാറേ കുളം സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ മുത്തശ്ശൻ പണ്ട് പഞ്ചായത്തിന് തീർ എഴുതി കൊടുത്തതാണ്… അന്നതിന്റ്റെ ഭാഗമായി കുളത്തിന്റ്റെ ആഴം കൂട്ടിയപ്പോൾ കോരിയിട്ട മണ്ണ് ഒരു ചെറു കുന്നായി കാടും പടലും പിടിച്ച് കുളക്കരയിൽ തന്നെയുണ്ട്… ആ കുന്നിൻ മുകളിൽ സർവജ്ഞ പീഠം കയറാൻ തപസ്സിരിക്കൽ എൻറ്റെ ഒരു പതിവായിരുന്നു… ഊണു പോലും വിസമ്മതിച്ച് ജ്ഞാനോദയം ഇപ്പോൾ കിട്ടുമെന്ന് കരുതിയിരിക്കുമ്പോൾ ഇലകൾക്കിടയിൽ ചെറിയ ഒരിളക്കം… നാലഞ്ചടി നീളത്തിൽ സുന്ദരൻ ഒരു മഞ്ഞച്ചേര… ഗോട്ടി കണ്ണുകൾ ഉരുട്ടി, ഫോർക്ക് പോലുള്ള നാക്കുനീട്ടി ചേരമാൻ പെരുമാൾ തനിക്കാദ്യം ജ്ഞാനോദയം ലഭിക്കുന്നതിന്റ്റെ ആവശ്യകത എന്നെ പൂർണമായി ഭോധ്യപ്പെടുത്തി… അന്ന് ചേര പുങ്കുവന് സ്ഥലം ഒഴിഞ്ഞ് കൊടുക്കേണ്ടി വന്നത് കൊണ്ടു മാത്രമല്ലേ എനിക്കിന്നുവരെ ‘ജ്ഞാനോദയം’ കിട്ടാതിരുന്നത് എന്ന് ഞാൻ ബലമായി സംശയിക്കുന്നു… 😛

വെയിൽ കളം വരക്കും നടപ്പുര കടന്നു വേണം നടുമുറ്റ കോലായിൽ എത്താൻ … ജീനുകൾ നുണ പറയാറില്ലെന്ന സത്യത്തിന് ഒരു ചൂണ്ടു പലക എന്നോണം ഉത്തരത്തിലെ ഏറ്റവും ഉയർന്ന കഴുക്കോലിൽ എൻറ്റെ അമ്മയുടെ വീര സാഹസിക ബാല്യം സ്വന്തം പേര് കോറിയിട്ടിരിക്കുന്നു…
ടിപ്പുവിന്റ്റെ പടയോട്ടക്കാലത്ത് വാളാൽ വെട്ടേറ്റു മുഖവും വയറും മുറിഞ്ഞു പോയ ദ്വാരപാലകർ കാവൽ നിൽക്കും കുടുംബ ക്ഷേത്രത്തിലെ നേദ്യച്ചോറും നെയ്യ് പായസവും ഉണ്ട് മദോന്മത്തരായി വീട്ടിലെ കുട്ടിപട്ടാളം ഉച്ചക്ക് ഇരുന്നു കിറുങ്ങുന്നത് ഇവിടെയാണ്… ഈ കോലായിൽ അമ്മയും ചിറ്റമാരും കൂടി എത്രയെത്ര ചക്കക്കുട്ടന്മാരെയാണ് നിർദാക്ഷിണ്യം തുണ്ടം തുണ്ടമായി വെട്ടി മുറിച്ചിരിക്കുന്നത് … അതിൽ ചിലതിനെ ഇഞ്ചിഞ്ചായി അരിഞ്ഞ് വറുത്തു കൊരുന്നതും പതിവായിരുന്നു …

മൂന്നു മണി കഴിഞ്ഞാൽ പിന്നെ അമ്മമ്മയോടൊത്ത് തൊഴുത്തിലേക്ക് … കുട്ടികൾക്ക് പ്രവേശനമില്ലെന്ന് തൻറ്റെ കൂർത്ത കൊമ്പുള്ള തല ഇടത്തേക്ക് ചെറുതായൊന്നു വീശി നന്ദിനി കല്പ്പിച്ചു.. കുട്ടികൾ കൂട്ടമായി ഇളം പുല്ലു ചവച്ചു രസിച്ചു നില്ക്കുന്ന ലക്ഷ്മികുട്ടിയുടെ അടുത്തേക്ക് …. തനിക്കവകാശപ്പെട്ട പാൽ കുറച്ചു നാളത്തേയ്ക്ക് മാത്രമെങ്കിലും, മോന്തി കുടിക്കുന്നവരാണെന്ന ഒരു മുഷിപ്പും കൂടാതെ അവൾ കുട്ടിപട്ടാളത്തോടൊത്ത് ഓടിത്തിമർക്കും… വൈകുന്നേരം ആയാൽ പത്തായക്കെട്ടിലെ ഇരുളിൽ മറഞ്ഞ് ഒരിന്ദ്രജാലക്കാരിയെപ്പോൽ കൈയിൽ അരിക്കൊണ്ടാട്ടവും മാങ്ങാത്തെരയും ചക്കവരട്ടിയുമായി പ്രത്യക്ഷപ്പെടുന്ന അമ്മമ്മ… ഏറെ ബുദ്ധിമുട്ടി സ്വയം തയ്യാറാക്കിയ കടുമാങ്ങ നിറച്ച ഹോർലിക്സ് കുപ്പികൾ, തിരിച്ചു പോകാൻ നേരം ബാഗിൽ തിരുകിയായിരുന്നു അമ്മമ്മ സ്നേഹം പങ്കിട്ടു നൽകിയിരുന്നത്…

ഇതിൽ പലതും പലരും കാലയവനികക്കുള്ളിൽ മറഞ്ഞു…

എന്നാൽ കാലത്തിനും അതീതമായി ചിലതുണ്ട് … അതിൻറ്റെ തെളിവാണല്ലോ നീലസാഗരങ്ങൾക്കകലെ ആണെങ്കിലും, ഓരോ വേനലിലും നാം ഇന്നും വാടാതെ സൂക്ഷിക്കുന്ന മധുരമൂറും ഓർമ്മകളുടെ ഒരു പിടി കൊന്നപ്പൂക്കൾ …. ♥   ❤  ♥

 

All Rights Reserved        © Forever Free 2014

Advertisements

6 thoughts on “വേനൽ കനവുകൾ

  1. Glad to see you here Syed 🙂
   ഉണ്ടായിരുന്നു ….. കാലത്തിനനുസരിച്ച് കോലം കുറച്ചു മാറിയെങ്കിലും ഇപ്പോഴും ഉണ്ട് …. ആളനക്കം കുറവായതിനാൽ ഇപ്പോൾ ഭൂമിയുടെ അവകാശികളായി മയിൽ ഇണകളും ചേക്കേറിയിട്ടുണ്ടെന്ന് അമ്മയുടെ സാക്ഷ്യം !

   Like

 1. ഇ൱ സ്ഥലം എനിക്കും പരിചിതം.നിളയുടെ തീരങൾ
  എനിക്കെന്നും ബാല്യത്തിലേക്കുള്ള തിരിഞ്ഞുനോക്കലാണ്…

  Liked by 1 person

  1. ഇത് കലക്കി ഓർമ്മകളുടെ തിരതള്ളൽ, അതിന്റെ ആവേശം എല്ലാം അനുഭവിക്കാൻ കഴിയുന്നുണ്ട്. ഇതാണ് രചനയുടെ ശക്തി.👏👏👏 ഈ ഓർമ്മക്കുറിപ്പിലെ വാക്കുകളിൽ പോലും ആ കുഞ്ഞോർമ്മകളെ താലോലിക്കുന്നുണ്ട്. ഗംഭീരം.

   Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s