ഓർമ്മതൻ ജാലക വാതിൽ പതിയെ തുറന്നു ഞാൻ
ഒരു മാത്ര മിഴി കൂമ്പി നിൽക്കേ
അലതല്ലിയാ തിരയിരമ്പലിൽ ചിതറി
സ്നേഹത്തിൻ ചിപ്പികൾ പലത്

തെളിഞ്ഞു കത്തുന്നൂ ബാല്യത്തിൻ സ്മരണകൾ
അതിലുണ്ട് കരുണതൻ മുഖങ്ങൾ ഏറേ
മായാതെ നിൽക്കുന്നു അന്നുമിന്നും
നിസ്തുല സ്നേഹത്തിൻ ഏക ചാരു രൂപം

ധവളമാം മുടിയിഴകൾ കോതിമിനുക്കി ഞാൻ
ചെമ്പരത്തിപ്പൂ ചൂടിക്കവേ
കുഞ്ഞുമനസ്സിൽ കളങ്കമില്ലെന്നോതി
എന്നും മാറോടു ചേർത്തൊരാ സ്നേഹം

കുറുമ്പുകൾ രാപ്പകൽ അനവധി കാട്ടി
എന്നമ്മ ക്ഷമതൻ നെല്ലിപ്പടികൾ കാണ്‍കെ 
നൽകിയ ദണ്ഡന വിധികളെല്ലാം
ഏറ്റുവാങ്ങീ ഞാൻ ലവലേശം കൂസലന്യേ
കണ്ടു ഞാനന്നേരം ആ കണ്‍കളിൽ നിറയുന്നു
ഹൃദയം നുറുങ്ങും ശോകം!

സന്ധ്യകൾ നിലവിളക്കിൻ പൊൻപ്രഭയിൽ ആറാടവേ
സാകൂതുകം ആ മുഖ തേജസ്സു ഞാൻ നോക്കി നിന്നൂ
പുരാണ ചിത്രങ്ങളാൽ വർണിതമായൊരാ ചുവരുകളിൽ
അന്നേരം ജീവൻ സ്ഫുരിച്ചിരുന്നോ?

പേമാരി ചരലെറിഞ്ഞൊരാ രാവുകളിൽ
സ്നേഹം ചാലിച്ച കഥകൾ തൻ തേരേറി
അമ്പാടി ഉജ്ജൈനി ലുമ്പിനിയും കടന്നു
സ്വർഗ്ഗങ്ങൾ പലതും ഞാൻ താണ്ടീ !

ഒടുവിലാ ചിതയാളവേ മനം കലങ്ങിച്ചുവന്നു പടിയിറങ്ങീ ഞാൻ
എരിഞ്ഞടങ്ങീയതിൽ എന്നിലെ ബാല്യവും
നിസ്സംശയം, ഇനിയില്ലൊരിക്കലും
ആ നല്ല കാലത്തേക്കൊരു തിരിച്ചുപോക്ക്

ജീവിത രണാങ്കണങ്ങളിൽ അടരാടി
കലുഷിതമാം മനം കണ്ണുനീരായ് പെയ്തിറങ്ങീടവേ
കാലം വരകൾ കോറിയ വിരലുകൾ എൻ നിറുകയിൽ
മൂര്ദ്ധാവിൽ ഒരു മൃദു ചുംബനം !

കേൾപ്പു ഞാൻ ആർദ്രമാം ആ സ്വരം വീണ്ടും
മനം നിറയുന്നു,
അറിയുന്നു ഞാൻ
ആ നിസ്സീമസ്നേഹം അമരമെന്ന് !

All Rights Reserved        © Forever Free 2014

8 thoughts on “സ്നേഹം !

Leave a comment